ഒന്ന് ലളിതമായി കഴിച്ചൂടേ നിങ്ങള്‍ക്ക് ഈ വിവാഹങ്ങള്‍!

മനുഷിക ബന്ധങ്ങളെ ഏറ്റവും ഗാഢമാക്കുന്ന കര്‍മമാണ് വിവാഹം. അകലങ്ങളില്‍ അറിയാതെ കിടന്ന യുവമിഥുനങ്ങള്‍ സുന്ദരമായ ദിനങ്ങള്‍ സ്വപ്നം കണ്ട് ഒന്നായിച്ചേരാന്‍ അല്ലാഹു നിശ്ചയിച്ച മഹത്തായ മാര്‍ഗം. നന്മയുടെ പുതുലോകത്തേക്കുള്ള ഒരു കുടുംബത്തിന്റെ കടന്നുവരവാണ് വിവാഹം രേഖപ്പെടുത്തുന്നത്.

കര്‍മശാസ്ത്രവിധിപ്രകാരം വളരെ ലളിതമായ ഒരു നടപടിക്രമമാണിത്. വിവാഹം പൂര്‍ണമായി നടക്കാന്‍ വധുവടക്കം അഞ്ച് പേര്‍ മാത്രമേ ആവശ്യമുള്ളൂ എന്നതാണ് അടിസ്ഥാനം. പെണ്‍കുട്ടിയുടെ രക്ഷിതാവ് അവളെ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ വരന് മഹ്‌റിന് പകരമായി ഇണയാക്കിക്കൊടുക്കുകയും വരന്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്. എന്നാല്‍ സമകാലികമായി ഇത്രയും ലളിതമായ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യമായി മാറിയിരിക്കുന്നു. വളരെ പുണ്യമായ ഒരു കൂടിച്ചേരല്‍ ധൂര്‍ത്തിന്റെ മഹോത്സവങ്ങളായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഒരേസമയം വധുവിന്റെയും വരന്റെയും പക്ഷത്തുള്ളവര്‍ക്ക് കഠിനമായ സാമ്പത്തിക ബാധ്യതയാണ് വന്നു ചേരുന്നത്. ലളിതമായ ഈ കര്‍മത്തെ മനുഷ്യന്‍ എത്രമാത്രം സങ്കീര്‍ണ്ണമാക്കി മാറ്റിയെന്നിടത്താണ് നാം നടത്തിയ കൈകടത്തലുകളുടെ ആഴം ഒളിഞ്ഞിരിക്കുന്നത്.

സര്‍വ സൗകര്യങ്ങളാലും അലങ്കരിച്ച മണിയറ, അംഗങ്ങളേക്കാള്‍ കുടുതല്‍ റുമുകളില്‍ ആവശ്യത്തിലധികം ഫര്‍ണിച്ചറുകളുടെയും വര്‍ണങ്ങളുടെയും വൈവിധ്യങ്ങള്‍ കൊണ്ട് അലങ്കരിച്ച വീട്, ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച അലങ്കൃതമായ പന്തല്‍, മേശയില്‍ ഒതുക്കിവെക്കാന്‍ കഴിയാത്തത്ര വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, വിലപിടിച്ച വസ്ത്രങ്ങളുടെ ഘോഷയാത്രകള്‍, കയ്യും കണക്കുമില്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍, വാടകയിലാണെങ്കിലും ആവശ്യമുള്ളതിലധികം വിലപിടിച്ച കാറുകളുടെ നീണ്ട നിര, വീഡിയോ ഫോട്ടോഗ്രാഫര്‍മാര്‍, വരനും വധുവിനും മാത്രമായുള്ള സ്‌പെഷ്യല്‍ അലങ്കാരങ്ങള്‍, സ്ത്രീ പുരഷ സങ്കലനത്തിനുള്ള അനേകം സാഹചര്യങ്ങള്‍, മാമൂലുകളുടെ മലവെള്ളപ്പാച്ചില്‍ ഇതെല്ലാമാവുമ്പഴേ കല്യാണം പൊടിപൊടിക്കുകയുള്ളൂ എന്ന സങ്കല്‍പ്പമാണ് നിലവിലുള്ളത്.

തൊട്ടടുത്ത് നടന്ന മറ്റൊരു കല്യാണത്തേക്കാള്‍ അല്‍പം മികച്ചു നില്‍ക്കുന്നതാവണം തന്റെ വീട്ടിലെ കല്യാണമെന്നതാണ് സര്‍വ്വ ആഢംബരങ്ങളുടേയും കേന്ദ്രബിന്ദു. ‘നമ്മുടെ ഹാജിയാരുടെ വീട്ടിലെ കല്യാണം പോലെ’ എന്ന പെരുമയാണ് പലരുടെയും അന്തിമ ലക്ഷ്യം. കല്യാണത്തിന് വേണ്ടി ഗംഭീരമായ വീട് തകര്‍ത്ത് പുതിയ വീടുണ്ടാക്കി നാലാളെക്കൊണ്ട് പറയിക്കുന്ന രൂപത്തിലുള്ള കല്യാണം നടത്തിയ ശേഷം തകര്‍ന്ന് നിലംപതിച്ച ‘മുതലാളി’മാരുടെ ചിത്രം പലര്‍ക്കും പങ്കുവെക്കാനുണ്ടാകും. ലക്ഷങ്ങള്‍ കടം വാങ്ങിയാണെങ്കിലും പത്രാസ് കാണിക്കാന്‍ ആഘോഷം സംഘടിപ്പിക്കുന്നവരുടെ വിശ്വാസം തുരുമ്പെടുത്തിരിക്കുന്നുവെന്ന് പറയാതെ വയ്യ.

സര്‍വ്വരേയും ഒന്നായിക്കണ്ട് ലോകത്തിനഖിലം നന്മ വിതക്കുന്നതിലൂടെ പാരത്രിക വിജയം നേടുന്നവന്റെ പേരാണ് മുസ്‌ലിം. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ അവന്‍ ദീനില്‍ നിന്ന് അകന്നു പോകുന്നു. അന്യന്റെ അവകാശത്തില്‍ കൈ കടത്തുമ്പോള്‍ അവന്‍ അപൂര്‍ണ്ണനാവുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ അഭിമാനത്തിന് വേണ്ടിയോ കുടുംബ മഹിമക്ക് വേണ്ടിയോ അവന് ദൈവിക തത്വങ്ങള്‍ ബലികഴിക്കാനാവില്ല. ശുദ്ധപ്രകൃതിയും തുറന്ന മനസും മുസ്‌ലിമിന്റെ അടയാളമാവുമ്പോള്‍ അതിനനുസരിച്ചുള്ള പെരുമാറ്റവും അവനില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

നാം നമ്മുടെ ഇസ്‌ലാമിക സത്തയില്‍ നിന്ന് അകന്നകന്ന് പോവുകയാണെന്ന് തോന്നിക്കുന്ന രൂപത്തില്‍ എന്തൊക്കെയോ നേടാനും വെട്ടിപ്പിടിക്കാനുമുള്ള ആര്‍ത്തിയില്‍ മുന്നോട്ട് പോയിക്കൊരിക്കുന്നു. ആരാധനകളില്‍ വരെ ആര്‍ഭാടവും ആഡംബരവും നമ്മുടെ അഭിമാനത്തിന്റെ ഭാഗമാവുന്ന അവസ്ഥയാണ് ഇന്നുള്ളത്.

മാമൂലുകള്‍ കൊണ്ടുനടക്കുന്നതിലും അതിന് വേണ്ടി കടം വാങ്ങിയും ‘അഭിമാനം’ കാത്തുസൂക്ഷിക്കുന്നതിലും എല്ലാവരും പരസ്പരം മത്സരിക്കുന്നു. ആന്തരികവും ആത്മീയവുമായ ജീവിതത്തിനപ്പുറം പുറംമോടികളില്‍ രമിക്കാനാണ് നാം സമയം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. നാം ദിനേനെ ചിലവഴിക്കുന്ന പണത്തിന്റെ കണക്കും ചെലവഴിക്കേണ്ട പണത്തിന്റെ കണക്കും താരതമ്യം ചെയ്തു നോക്കുകയാണെങ്കില്‍ ബോധ്യപ്പെടുന്ന ചില യാഥാര്‍ത്ഥ്യങ്ങളില്ലേ. മുഴുവന്‍ മാളുകളിലും കയറിയിറങ്ങിയിട്ടും തനിക്കിഷ്ടപ്പെട്ട വസ്ത്രം ലഭിക്കാത്തവരും ആരാധനകള്‍ പോലും അന്യര്‍ക്ക് വേണ്ടി ചെയ്യുന്നവരും സമൂഹത്തില്‍ ഏറെയില്ലേ.

വിശ്വാസി അത്യാവശ്യങ്ങളെ ആദ്യം പരിഗണിക്കുന്നു. പീന്നീട് ആവശ്യങ്ങള്‍ക്ക് പിന്നാലെ പോവുന്നു. ആര്‍ഭാടങ്ങള്‍ അവന്റെ നിഘണ്ടുവിലേക്ക് കടന്നുവരുന്നേയില്ല. ആവശ്യങ്ങളും ആര്‍ഭാടങ്ങളും തമ്മിലുള്ള വ്യത്യാസം ലളിതമാണ്. ചെയ്യേണ്ട കാര്യങ്ങള്‍ അല്ലാഹുവിനെയോര്‍ത്ത് മാന്യമായി ചെയ്യുന്നിടത്താണ് ആവശ്യത്തിന്റെ അതിര് നിലനില്‍ക്കുന്നത്. അതിനപ്പുറമുള്ളതാണ് ആര്‍ഭാടം. അമിതവ്യയം എങ്ങനെയായാലും നന്മയല്ലെന്നും നന്മ എത്ര ചെയ്താലും അമിതവ്യയമാവില്ലെന്നുമുള്ള പണ്ഡിത സാരോപദേശം ശ്രദ്ധേയമാണ്.

വിശുദ്ധ ഖുര്‍ആനിലെ ‘അത്തകാസുര്‍’ അദ്ധ്യായം ഒരു ഓര്‍മ്മപ്പെടുത്തലാണ്. മരണം പുല്‍കുന്ന അവസരം വരെ പരസ്പരമുള്ള ആഢ്യത്വപ്രകടനവും പെരുമകാട്ടലും മനുഷ്യനെ ദൈവസ്മരണയില്‍ നിന്നും പാരത്രിക തയ്യാറെടുപ്പുകളില്‍ നിന്നും വ്യതിചലിപ്പിച്ചു കളയുന്നു. നിസ്സംശയം മരണശേഷം കാര്യങ്ങള്‍ നിങ്ങള്‍ അറിയുക തന്നെ ചെയ്യും എന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ജാഹിലിയ്യാ കാലത്ത് അറബിഗോത്രങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പെരുമപറച്ചിലുകള്‍ക്കും അഭിമാനത്തിന് വേണ്ടിയുള്ള യുദ്ധങ്ങള്‍ക്കും സമാനമായി സമകാലിക പ്രവണതകളെ നമുക്ക് ഗണിക്കാന്‍ സാധിക്കും. അഭിമാനം നിലനിര്‍ത്താന്‍ വര്‍ഷങ്ങളോളം രക്തപങ്കിലമായ സമരങ്ങള്‍ നടത്തിയ അറബികള്‍ അതിഥികളെ സല്‍ക്കരിച്ചതും കുടുംബമഹിമ നിലനിര്‍ത്താന്‍ തന്നെയായിരുന്നു.

ഐഹിക ലോകത്തെ സുഖാഢംബരങ്ങളിലൂടെയാണ് മാര്‍ഗഭ്രംശംത്തിന്റെ തുടക്കം കുറിക്കുന്നതെന്നും അതിലൂടെ സ്വയം മറന്ന് മുന്നോട്ട് പോയി മനുഷ്യന്‍ ധിക്കാരിയാവുമെന്നും സൂറത്തുസ്സുഖ്‌റുഫിലൂടെ അല്ലാഹു സൂചിപ്പിക്കുന്നുണ്ട്. ‘മനുഷ്യര്‍ ഒറ്റ നിഷേധീസമൂഹമാവുകയില്ലായിരുന്നെങ്കില്‍ കരുണാമയനായ അല്ലാഹുവിനെ അവിശ്വസിക്കുന്നവരുടെ ഗൃഹങ്ങള്‍ക്ക് വെള്ളികൊണ്ടുള്ള മേല്‍പ്പുരകളും കയറാനുള്ള ഗോവണികളും വാതിലുകളും ചാരിയിരിക്കാവുന്ന കട്ടിലുകളും മറ്റു സ്വര്‍ണ്ണാലങ്കാരങ്ങളും നാം കൊടുക്കുമായിരുന്നേനെ. എന്നാല്‍, ഐഹിക ജീവിതത്തിന്റെ സുഖാഢംബരങ്ങള്‍ മാത്രമാണിവയൊക്കെയും. ജീവിതത്തില്‍ സൂക്ഷമത പുലര്‍ത്തുന്നവര്‍ക്കുള്ളതാണത്രേ താങ്കളുടെ നാഥങ്കല്‍ പാരത്രിക നേട്ടം'(സുഖ്‌റുഫ് 32-35)

കര്‍മങ്ങളുടെ തുടക്കം നന്നാവല്‍ ഒടുക്കം നന്നാവുമെന്നതിലേക്കുള്ള ശുഭസൂചനയാണെന്ന മഹദ്വചനം ഇവിടെ ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിനിധികളായ മനുഷ്യവര്‍ഗത്തിന്റെ ജന്മത്തിന്റെയും വളര്‍ച്ചയുടെയും തുടക്കമായ വിവാഹം സമ്പൂര്‍ണ്ണമായി ദൈവിക നിഷ്ഠയിലടിയുറച്ചാവുമ്പോള്‍ ജീവിതം മുഴുക്കെ നന്മകള്‍ നിറഞ്ഞതാവുന്നു. എന്നാല്‍ വിവാഹവേളക്കിടെ നിര്‍ബന്ധ ബാധ്യതയായ നിസ്‌കാരത്തെ അവഗണിക്കുകയും മറച്ചുവെക്കേണ്ട ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് സര്‍വ്വസാധാരണയായി മാറിയിരിക്കുകയാണ്.ക്രീമുകള്‍ കൊണ്ട് അലങ്കരിച്ച മുഖത്ത് വെള്ളം ചേര്‍ക്കരുതെന്ന് ബ്യൂട്ടീഷ്യ•ാര്‍ നിര്‍ദേശിക്കുമ്പോള്‍ നിസ്‌കാരം പോലോത്ത ആരാധനകള്‍ വഴിമാറുന്നത് ശ്രദ്ധിക്കപ്പെടാറേയില്ല. അല്ലാഹുവിന്റെ മഹത്വം ഉദ്‌ഘോഷിക്കാനും അവനെ ആരാധനകളിലൂടെ പ്രകീര്‍ത്തിക്കാനും മഹോന്നതരായ മനുഷ്യരെ സൃഷ്ടിച്ചെടുക്കുന്ന വിവാഹ കര്‍മ്മം ഉമ്മത്ത് മുഹമ്മദിന്റെ സല്‍ക്കര്‍മ്മങ്ങളില്‍ പ്രമുഖമാണന്നിരിക്കെ, ഇത്തരം അനിസ്‌ലാമിക കാര്യങ്ങളിലൂടെ വിവാഹജീവിതത്തിന് തുടക്കമാവുന്നത് വരുംകാലത്ത് വലിയ ദുരന്തം വരുത്തിവെക്കുമെന്നതാണ് വസ്തുത.

വിവാഹം ഒരു ആരാധനയാണ്. ആരാധനകളില്‍ നല്ലത് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. ”അല്ലാഹു സംശുദ്ധനാണ്. ശുദ്ധമല്ലാത്തതല്ലാതെ ഒന്നും അവന്‍ സ്വീകരിക്കുകയില്ല”(ഹദീസ്). മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്യുന്ന ആരാധനകള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പുല്ലുവില പോലുമില്ല. ആര്‍ക്ക് വേണ്ടിയാണോ നാം ആരാധനാ കര്‍മങ്ങള്‍ ചെയ്തത് അവരുടെ അടുത്ത് പോയി പ്രതിഫലം പറ്റുക എന്നാണ് അന്ത്യനാളില്‍ നമ്മോട് ആവശ്യപ്പെടുക. അല്ലാഹുവിന് വേണ്ടിയാണ് കര്‍മങ്ങളെങ്കില്‍ അവന്‍ നല്‍കുന്ന പ്രതിഫലങ്ങള്‍ക്ക് അറുതിയില്ല. എന്നാല്‍ നാം ചെയ്യുന്ന ഈ ആര്‍ഭാടങ്ങളെല്ലാം യഥാര്‍ഥത്തില്‍ അല്ലാഹുവിന് വേണ്ടിയല്ലെന്ന് ലളിതമായ ചിന്തയിലൂടെ മനസിലാക്കാവുന്നതാണ്.

 

ധനവിനിയോഗത്തിന്റെ ഇസ്‌ലാമിക രീതി

വിവാഹത്തിനും ഇതര ചടങ്ങുകള്‍ക്കും നിത്യജീവിതത്തിനുമായി നിയന്ത്രണമില്ലാതെ പണം ചെലവഴിക്കുന്നത് യാതൊരു വിധേനയും ന്യായീകരിക്കാനാവില്ല. ഇസ്‌ലാമിന്റെ സാമ്പത്തിക ശാസ്ത്രത്തിന്റെ അകപ്പൊരുളുകള്‍ അന്വേഷിച്ചറിയുന്നവര്‍ക്ക് ഇത്തരം ആര്‍ഭാടങ്ങള്‍ അലര്‍ജിയായി അനുഭവപ്പെടുമെന്ന് തീര്‍ച്ചയാണ്.

അധ്വാനത്തിലൂടെ ധനം സമ്പാദിക്കുകയെന്നത് സല്‍ക്കര്‍മമാണ്. മനുഷ്യന്‍ മുഴുസമയവും എന്തെങ്കിലുമൊരു ജോലിയില്‍ മുഴുകണമെന്നാണ് ഇസ്‌ലാമിക പക്ഷം. ഭൗതികമോ ആത്മീയമോ ആയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ വെറുതെയിരിക്കുന്നവരെ എനിക്ക് വെറുപ്പാണെന്ന് ഉമര്‍(റ) പറയുന്നുണ്ട്. ഒരു പ്രവര്‍ത്തനത്തില്‍ നിന്ന് വിരമിച്ചാല്‍ അടുത്ത ജോലിയില്‍ മുഴുകണമെന്ന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട് (സൂറത്തു ശറഹ് 7). ലോകത്ത് വന്ന പ്രവാചകരെല്ലാം ജോലി ചെയ്തവരായിരുന്നു. സ്വന്തം കരം കൊണ്ട് അദ്ധ്വാനിച്ചതിനേക്കാള്‍ ഉത്തമമായ ഒരു ഭക്ഷണമില്ലെന്ന് നബി തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ലോകത്ത് വന്ന എല്ലാ നബിമാരും ആടിനെ മേച്ചവരായിരുന്നു.

വല്ലതും തരണമെന്ന് പറഞ്ഞ് നബിതങ്ങളുടെ അടുത്ത് വന്ന വ്യക്തിയോട് താങ്കളുടെ വീട്ടില്‍ എന്താണ് ബാക്കിയുള്ളതെന്ന് നബിതങ്ങള്‍ അന്വേഷിച്ചു. ഒരു വിരിപ്പും കുടിക്കാന്‍ ഒരു പാത്രവും മാത്രമാണ് തന്റെ വീട്ടിലുള്ളതെന്ന് അയാള്‍ പ്രതികരിച്ചു. അതെടുത്ത് കൊണ്ട് വരാന്‍ നബിതങ്ങള്‍ പറയുകയും രണ്ട് ദിര്‍ഹമിന് സ്വഹാബികള്‍ക്കിടയില്‍ അത് കച്ചവടമാക്കുകയും ചെയ്തു. ഒരു ദിര്‍ഹം കൊണ്ട് വീട്ടിലേക്കാവശ്യമായ ഭക്ഷണം വാങ്ങാനും മറ്റുള്ളത് കൊണ്ട് കയറ് വാങ്ങാനും നിര്‍ദേശിച്ചു. ആ കയറുമായി മലമുകളില്‍ പോയി വിറക് കെട്ടിവരിഞ്ഞ് കൊണ്ടുവന്ന് അങ്ങാടിയില്‍ വില്‍ക്കാനായിരുന്നു നിര്‍ദേശം. പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനിയെന്നെ കാണാന്‍ പാടുള്ളൂവെന്നും നബി തങ്ങള്‍ ഉണര്‍ത്തി. പതിഞ്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിറക് വിറ്റ് അയാള്‍ 10 ദിര്‍ഹം സമ്പാദിച്ചിരുന്നു. യാചനയേക്കാള്‍ അദ്ധ്വാനത്തിന് മഹത്വമുണ്ടെന്ന് നബിതങ്ങള്‍ അയാളെ ഉണര്‍ത്തുകയായിരുന്നു.

ആകാശ ഭൂമികളുടെയും അവയിലുള്ള സര്‍വ്വതിന്റെയും ഉടമസ്ഥനാണ് അല്ലാഹു. നമ്മുടെ കരങ്ങളിലുള്ള പണം സ്വാഭാവികമായും അല്ലാഹുവിന്റേത് തന്നെയാണ്. അവന്‍ നമ്മെ ഏല്‍പ്പിച്ച ഒരു സൂക്ഷിപ്പ് സ്വത്താണത്. ഉടമസ്ഥന്റെ നിര്‍ദേശപ്രകാരം മാത്രമേ സൂക്ഷിപ്പുകാരന് ചെലവഴിക്കാനുള്ള അവകാശമുള്ളുവെന്നര്‍ഥം. ‘ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ സമ്പത്തില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുക ‘(ത്വാഹാ 16) യെന്ന വാക്യത്തില്‍ നിന്ന് ഇത് വ്യക്തമാവുന്നുണ്ട്. നമ്മുടെ കയ്യിലുള്ള പണം നമുക്കിഷ്ടം പോലെ ചചെലവഴിക്കാനുള്ളതല്ലെന്നതാണ് ധനത്തെക്കുറിച്ചുള്ള ആദ്യപാഠം. അത് എവിടെ നിന്ന് സമ്പാദിച്ചുവെന്നും എവിടെ ചെലവഴിച്ചുവെന്നും പറയാതെ മഹ്ശറില്‍ നിന്ന കാല്‍ മുന്നോട്ട് വെക്കാന്‍ സാധിക്കുകയില്ലെന്ന് ഹദീസുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സഹജീവികള്‍ക്കുള്ളതുകൂടി അല്ലാഹു ധനികന്റെ കൈവശമാണ് ഏല്‍പ്പിക്കുന്നത്. നാട്ടില്‍ സാധുക്കളുണ്ടെങ്കില്‍ ബൈത്തുല്‍മാലില്‍(പൊതുമുതല്‍) നിന്ന് എടുത്ത് അവര്‍ക്ക് ഭക്ഷണം നല്‍കണമെന്നും അതില്ലെങ്കില്‍ ധനികന്മാര്‍ ദരിദ്രരെ സഹായിക്കല്‍ ബാധ്യതയാണെന്നുമാണ് കര്‍മശാസ്ത്രവിശാരദന്മാര്‍ നമ്മോടുണര്‍ത്തുന്നത്. തദടിസ്ഥാനത്തില്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ പണം ചെലവഴിക്കാന്‍ പാടുള്ളൂ എന്ന് വ്യക്തമാണ്.

സമ്പത്ത് ഒരു അനുഗ്രഹമാണെന്ന് ഖുര്‍ആന്‍ പലയിടത്തും പ്രതിപാദിക്കുന്നുണ്ട്. ‘അങ്ങയെ അവന്‍ അനാഥനായി കണ്ടെത്തിയിട്ട് അഭയമേകുകയും വഴിയറിയാത്തവനായി കണ്ടെത്തിയിട്ട് സന്മാര്‍ഗദര്‍ശനം നല്‍കുകയും ദരിദ്രനായി കണ്ടിട്ട് സ്വയം പര്യാപ്തനാക്കുകയും(പണമുള്ളവന്‍) ചെയ്തില്ലേ’ (ളുഹാ 6-8). നബിതങ്ങള്‍ക്ക് അല്ലാഹു നല്‍കിയ നന്മകള്‍ സ്മരിക്കുന്നതിനിടക്കാണ് സ്വയംപര്യാപ്തനാക്കിയെന്ന പ്രയോഗം അല്ലാഹു നടത്തുന്നത്. ‘മരണമാസന്നമാവുകയും വല്ല നന്മയും(സമ്പത്ത്) ശേഷിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ വസ്വിയ്യത്ത് ചെയ്യണം'(ബഖറ 180). ഇവിടെ സമ്പത്തിന് നന്മ എന്ന പദമാണ് അല്ലാഹു പ്രയോഗിച്ചത്.

ഏറ്റവും നല്ല സമ്പത്ത് സ്വാലിഹായ മനുഷ്യന്റെ കയ്യിലുള്ള സമ്പത്താണെന്ന് നബിതങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

പിശുക്കും അമിതവ്യയവും ഇരുവശങ്ങള്‍

അനാവശ്യ കാര്യങ്ങളില്‍ പണം ചെലവഴിക്കുന്നതിനെ അല്ലാഹു കഠിനമായി എതിര്‍ക്കുന്നുണ്ട്. ‘അല്ലാഹു മൂന്ന് കാര്യങ്ങള്‍ വിരോധിച്ചിരിക്കുന്നു. കണ്ടതു കേട്ടതും പറയലാണ് ഒന്നാമത്തേത്. അനാവശ്യ ചോദ്യവും സമ്പത്ത് നഷ്ടപ്പെടുത്തലുമാണ് മറ്റ് രണ്ട് കാര്യങ്ങള്‍’.(ഹദീസ്) വിശുദ്ധ ഖുര്‍ആനിലെ താഴെയുള്ള ആയത്തുകള്‍ സൂചിപ്പിക്കുന്നതും ഇതേ അമിത വ്യയത്തിലേക്കാണ്.

‘ഹേ മനുഷ്യരേ, ആരാധനാവേളകളിലൊക്കെ നിങ്ങള്‍ വസ്ത്രാലങ്കാരമണിയുക. അന്ന-പാനാദികള്‍ കഴിക്കുക, എന്നാല്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയക്കാരെ അവന്‍ ഇഷ്ടപ്പെടുകയില്ല’.(അഅ്‌റാഫ് 31 32) ‘അടുത്ത ബന്ധുക്കള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കുക, ധനദുര്‍വ്യയം അരുത്. ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ കൂട്ടുകാര്‍ തന്നെയത്രേ'(ഇസ്‌റാഅ് 26). അല്ലാഹു വെറുക്കുന്ന രൂപത്തില്‍ ചിലവഴിക്കുന്നതിനേയാണ് അമിതവ്യയം എന്നത് കൊണ്ട് സൂചിപ്പിക്കുന്നതെന്ന് ഇബ്‌നു അബ്ബാസ്(റ) വ്യാഖ്യാനിക്കുന്നുണ്ട്.

അമിതവ്യയത്തെപ്പോലെ പിശുക്ക് കാരണം ചെലവഴിക്കാതിരിക്കലും അനഭിലഷണീയമാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ‘നീ ഒട്ടും പിശുക്ക് കാണിക്കുകയും ധൂര്‍ത്തടിക്കുകയുമരുത്. അങ്ങനെ ചെയ്താല്‍ അധിക്ഷേപാര്‍ഹനും അതീവ ദുഃഖിതനുമായിരിക്കേണ്ടിവരും’ (ഇസ്‌റാഅ് 29). പിശുക്ക് കാണിക്കുന്നവന്‍ ജനങ്ങളാല്‍ അധിക്ഷേപിക്കപ്പെടുമെന്നും ധൂര്‍ത്തടിക്കുന്നവന്‍ ദുഃഖിതനാവേണ്ടിവരുമെന്നുമാണ് പണ്ഡിതര്‍ ഉപരിസൂചിതമായ ആയത്തിനെ വിശദീകരിക്കുന്നത്.

നന്മ രണ്ടിനുമിടയിലാണ്

പിശുക്കും അമിതവ്യയവും മോശമാവുമ്പോള്‍ തീര്‍ച്ചയായും നന്മയുടെ വശമിരിക്കുന്നത് ഇതിനിടയിലാണെന്ന് തീര്‍ച്ച. അല്ലാഹുവിന്റെ അടിമകളുടെ വിശേഷങ്ങളിലൊന്ന് പണം ചെലവഴിക്കുമ്പോള്‍ അമിതവ്യയമോ ലുബ്‌ധോ കാണിക്കാതെ മിതത്വം പാലിക്കുക എന്നതാണ്(ഫുര്‍ഖാന്‍ 67).

ആവശ്യത്തിന് വേണ്ടി നിര്‍ബന്ധമായും പണം ചെലവഴിക്കുകയും അനാവശ്യങ്ങള്‍ പൂര്‍ണ്ണമായി വെടിയുകയും ചെയ്യുന്നിടത്ത് മുസ്‌ലിം സമ്പൂര്‍ണവിജയം വരിക്കുന്നു. ഇതനുസരിച്ചുള്ള ജീവിതത്തിലൂടെ നിന്റെ സമ്പത്ത് എവിടെ ചെലവഴിച്ചുവെന്ന അല്ലാഹുവിന്റെ ചോദ്യത്തിന് അടിമക്ക് ധൈര്യപൂര്‍വ്വം മറുപടി പറയാന്‍ സാധിക്കും.

പണം ഉടമസ്ഥന്റെ കരവലയത്തിനുള്ളില്‍ മാത്രം കറങ്ങാനുള്ളതല്ലെന്ന ഇസ്‌ലാമിക തത്വശാസ്ത്രത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് സക്കാതും സ്വദഖയും. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് സമ്പത്തിന്റെ ഒരു വിഹിതം പാവങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ഇസ്‌ലാമിക നിയമ വ്യവസ്ഥയാണ് സക്കാത്. അത് അര്‍ഹര്‍ക്ക് നല്‍കാത്തവര്‍ ശക്തമായ ദൈവിക ശിക്ഷക്ക് പാത്രമാവുക തന്നെ ചെയ്യും. സാമ്പത്തികമായി നിര്‍ബന്ധമല്ലെങ്കിലും സാഹചര്യത്തിലൂടെ ധനികര്‍ക്ക് ബാധ്യതയായി വരുന്നത് തന്നെയാണ് ഐഛിക ദാനമായ സ്വദഖ. മറ്റുള്ളവരുടെ കണ്ണീരൊപ്പുക വഴി സ്വന്തം വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ സംഭവിക്കുന്നത്.

സംഗ്രഹം വിവാഹമടക്കമുള്ള നിത്യജീവിതത്തിലെ അതിപ്രധാനമായ ഘട്ടങ്ങളില്‍ നാം നടത്തുന്ന ആര്‍ഭാടഭരിതമായ നടപടികള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ഇസ്‌ലാമിന്റെ സാമ്പത്തിക കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇവ വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇഹപരവിജയങ്ങള്‍ ഒരുപോലെ കാണുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം ശക്കമായ മാറ്റത്തിന് സമയമായിരിക്കുകയാണ്. സക്കാത് സമ്പ്രദായത്തിലൂടെ രാജ്യത്തെ മുഴുവന്‍ മുസ്‌ലിംകളേയും ധനികരാക്കി മാറ്റിയ ഇസ്‌ലാമിന്റെ സന്തതികള്‍ തങ്ങളുടെ യഥാര്‍ത്ഥ അസ്ഥിത്വം മറന്ന് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നിടത്താണ് നമ്മടെ അപജയങ്ങളുടെ തുടക്കം . ഇത്തരം അപജയങ്ങളെ മാറ്റിനിര്‍ത്തി യഥാര്‍ത്ഥ മുസ്‌ലിംകളാവാനുള്ള ദൃഢപ്രതിജ്ഞയാണ് നമ്മുടെ പക്ഷത്ത് നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നമ്മുടെ വിവാഹസദസ്സുകളില്‍ ധൂര്‍ത്തടിച്ചുകളയുന്ന പണം പാവപ്പെട്ടവന്റെ കല്യാണസദസ്സ് മാന്യമായ നിലയിലാക്കാന്‍ മാറ്റിവെച്ചാല്‍, അതൊരു സാമൂഹിക നവോത്ഥാനവുമെന്ന കാര്യം തീര്‍ച്ചയാണ്. എല്ലാറ്റിനുമുപരി ഇഹലോകത്തും പരലോകത്തും അത് വലിയൊരു മുതല്‍കൂട്ടാവുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*